Wednesday, 22 June 2011

ആഗ്ര - ഭരത്പൂര്‍ - മഥുര

April 16-17 2011:

ഡല്‍ഹിയില്‍ വന്നാല്‍ ആഗ്രയില്‍ വന്നു താജ് മഹല്‍ കാണാതെ പോകരുതെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാല്‍ പിന്നെ പോയിക്കളയാം. 2 ദിവസത്തെ പരിപാടി ആയതു കൊണ്ട് താജ് മഹലിനു പുറമേ ഫത്തേപ്പൂര്‍ സിക്രി, ആഗ്ര ഫോര്‍ട്ട്‌, ഭരത്പൂര്‍ പക്ഷി സങ്കേതം, മഥുര വൃന്ദാവനം എന്നിവ കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്തവണ യാത്ര.  ആഗ്രയിലേക്ക് ശതാബ്ദിയിലാണ് (അതെ... അതും ഒരു ആഗ്രഹമാണ് അല്ലാതെ കാശ് ധാരാളം മുടക്കാന്‍ തയ്യാറുള്ളത് കൊണ്ടായിരുന്നില്ല) പോകുന്നത്. ശനിയാഴ്ച രാവിലെ 6.30 നു ആണ് വണ്ടി. രാവിലെ എത്തിപ്പെടാന്‍ പാടായതിനാല്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ ഈയുള്ളവനും, ശശിയും പിന്നെ മാഗിലും (ഈ യാത്രയിലെ ഇദ്ദേഹവും കൂടെയുണ്ട്) സ്ലീപ്പര്‍ ക്ലാസ് വെയിറ്റിംഗ് റൂമില്‍ കിടന്നുറങ്ങി രാവിലെ എഴുന്നേറ്റു കാര്യങ്ങളൊക്കെ കഴിച്ചു ശതാബ്ദി പിടിച്ചു. ഹാവൂ.

ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ട്രെയിന്‍ ആണെങ്കിലും വിശുദ്ധ പശുക്കള്‍ ഒക്കെ ഇപ്പോള്‍ വിമാനമാര്‍ഗം ആണെന്ന് തോന്നുന്നു സഞ്ചാരം. അതോ ഹെലിക്കൊപ്ട്ടെരോ? ആര്‍ക്കറിയാം. എന്തായാലും യാത്ര സുഖമായിരുന്നു. നല്ല ഭക്ഷണവും കിട്ടി. 2 മണിക്കൂര്‍ കൊണ്ട് ആഗ്രയിലെത്തി. ഇറങ്ങിയ പാടെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ഓട്ടോ - ടാക്സി ചേട്ടന്മാരെ വകഞ്ഞു മാറ്റി ഞങ്ങള്‍ പ്രീപെയ്ഡ് ഓട്ടോ പിടിച്ചു. 50 രൂപയ്ക്ക് താജ് മഹലില്‍ എത്തിച്ചു. കൂട്ടത്തില്‍ ഹിന്ദി പണ്ഡിറ്റ്‌ ശശി ഉണ്ടായിരുന്നത് കൊണ്ട് എനിക്കും മാഗിലിനും വാ തുറന്നു ഒന്നും പറയേണ്ടി വന്നില്ല.  ഇറങ്ങിയെടത്ത് നിന്നും കുറച്ചു നടക്കാനുണ്ടായിരുന്നു. വേണമെങ്കില്‍ 10 രൂപ ചെലവാക്കി വണ്ടിയില്‍ പോകാം. ഞങ്ങള്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു.  എത്തിയപ്പോഴോ?  എന്താ ഒരു ആള്‍ക്കൂട്ടം? ഒരു ഗൈഡിനെ സംഘടിപ്പിച്ചു കാത്തുനില്‍പ്പ് ഒഴിവാക്കാം വേണമെങ്കില്‍. ഞങ്ങള്‍ അതും വേണ്ടെന്നു വെച്ചു. സത്യം പറഞ്ഞാല്‍ ശശിയുടെ എസ് എല്‍ ആര്‍ ക്യാമറയാണ് ഞങ്ങളുടെ കുറെ സമയം മെനക്കെടുത്തിയതും, കാശ് ലാഭിച്ചു തന്നതും. ക്യാമറാമാന്‍ ശശി നീണാള്‍ വാഴട്ടെ.



Friday, 13 May 2011

അമൃത് സര്‍ ഡയറി


അമൃത് സര്‍ എന്ന് കേള്‍ക്കുമ്പോഴേ മനസില്‍ വരുന്നത് സുവര്‍ണ ക്ഷേത്രം ആണ്. പോകണം എന്ന് കരുതീട്ട് കാലം കുറെ ആയി. ഒടുവില്‍ 2011 മെയ്‌ 8 നു ആണ് തരപ്പെട്ടത് റിഷികേശ് യാത്ര റദ്ദാക്കേണ്ടി വന്നതിന്‍റെ വിഷമത്തിലായിരുന്നു. അപ്പോഴാണ്‌ അമൃത് സര്‍ പോയാലോ എന്ന് തോന്നിയത്നമ്മുടെ ഒരു സ്വഭാവമനുസരിച്ച്  7നു രാവിലെ ആണ് തീരുമാനിച്ചത്.  പ്രതീക്ഷിച്ചത് പോലെ ഇന്ത്യന്‍ റെയില്‍വേ റിസര്‍വേഷന്‍ ഉണ്ടായിരുന്നില്ല. മതുര - ഡല്‍ഹി യാത്ര (പിന്നീട് എഴുതാം) ഓര്‍മയില്‍ ഉണ്ടായിരുന്നത് കൊണ്ട് ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ പോകുന്നത് ഒഴിവാക്കി. ആരോ പറഞ്ഞു റെഡ് ബസ്‌ വഴി ഓണ്‍ലൈന്‍ ബുക്ക്‌ ചെയ്യാന്‍. ചെയ്തു. കിട്ടി. ഫേസ് ബുക്കില്‍ റെഡ് ബസ്‌ ലൈക്കും ചെയ്തു. 

റോഡ്‌ പ്രതീക്ഷിച്ചത് പോലെ അത്ര നന്നായിരുന്നില്ല. എന്നാലും കേരളത്തിലേതിനേക്കാള്‍ ഭേദം എന്ന് പറയണം. സ്ലീപ്പര്‍ എടുത്തത്‌ കൊണ്ട് സുഖമായി ഉറങ്ങി. രാവിലെ ഒന്‍പതു മണിക്കു അമൃത് സറില്‍ എത്തി. വെറും രണ്ടു മണിക്കൂര്‍ ലേറ്റ്

ശശി (എന്‍റെ സഹയാത്രികനും, സുഹൃത്തും, സഹപാഠിയും) ബസ് സ്റ്റാന്‍ഡില്‍  കണ്ട സര്‍ദാര്‍ജിയോട്‌ സുവര്‍ണ ക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചു. നടക്കാനുള്ള ദൂരമേയുള്ളൂ വെറുതെ ഓട്ടോ പിടിക്കണ്ടാന്നു അങ്ങേരു പറഞ്ഞതനുസരിച്ച് ഞങ്ങള്‍ നടന്നു 5 മിനിട്ടിനുള്ളില്‍ എത്തി. 

ആദ്യം അറിയേണ്ടത് ലഗ്ഗേജ് കൊണ്ട് പോകാന്‍ പറ്റുമോന്നായിരുന്നു. ചെരുപ്പ് പറ്റില്ലാന്നു അറിഞ്ഞു . ഒരു ആരാധനലയത്തിലേക്ക് പോകുമ്പോള്‍ ഒന്ന് കുളിച്ചു ഫ്രഷ്‌ ആവണ്ടേ എന്ന് കരുതി എതിരെ കണ്ട ലോഡ്ജില്‍ ചോദിച്ചു റൂം കിട്ടുമോ എന്ന്. . ചേട്ടന്‍ പറഞ്ഞു ഉച്ചയ്ക്ക് 12 മണിക്ക് ശേഷമേ കിട്ടൂ എന്ന്. ഫ്രഷ്‌ ആകാന്‍ എല്ലാ സൌകര്യവും ഉണ്ടെന്നു ചേട്ടന്‍. അങ്ങനെ ഞങ്ങള്‍ ഫ്രഷ്‌ ആയി പുറത്തേക്കിറങ്ങി. സുവര്‍ണ ക്ഷേത്രത്തിന്‍റെ ഒരു ടവ്വലും വാങ്ങി തലയില്‍ കെട്ടി. തല മറച്ചേ ഉള്ളില്‍ കയരാവൂ. ഇവരുടെ ഓരോ കാര്യങ്ങളെ.  വെയില്‍ ഉള്ളത് കൊണ്ട് അത് പിന്നീട് വളരെ അധികം ഗുണം ചെയ്തു കേട്ടോ 
.
വിശന്നിട്ടു  കൊടല്  കരിയുന്നുണ്ടോ  എന്ന് സംശയം . വലത്തോട്ട്  തിരിഞ്ഞു  നോക്കിയപ്പോ  സൌജന്യ  ഭക്ഷണം  കൊടുക്കുന്ന  സ്ഥലം  കണ്ടു . എന്നാല്‍  പിന്നെ കഴിച്ചിട്ടാവാം  ബാക്കി  പരിപാടി  എന്ന് തീരുമാനിച്ചു . ശുഭസ്യ ശീഘ്രം എന്നാണല്ലോ (ദോഷം പറയരുതല്ലോ , സമയം 10 മണി  ആവാറായിരുന്നു. തലേന്ന് രാത്രിയ്ക്ക് ശേഷം ഒന്നും കഴിച്ചിട്ടില്ലേ ). ശുദ്ധ ഗോതമ്പിന്‍റെ ചപ്പാത്തിയും ദാലും സബ്ജിയും പിന്നെ ഖീറും ഹിന്ദി പായസം എന്ന് കരുതിക്കോളൂ . ശരിക്കും സദ്യയായി തോന്നി സമയത്ത് . വരുന്നവര്‍ക്കെല്ലാം പ്ലേയ്ടും സ്പൂണും കൊടുക്കാനും , വിളമ്പാനും പിന്നെ കഴിച്ച പാത്രങ്ങള്‍ വാങ്ങിവേക്കാനും എന്ന് വേണ്ട കഴുകാനും വൃത്തിയാക്കാനും വരെ നിരവധി വോളന്റിയര്‍മാര്‍   .


. ആദ്യം വിചാരിച്ചു ഇത് ഞായറാഴ്ച സ്പെഷ്യല്‍ ആണെന്ന് . വര്‍ഷത്തില്‍ എല്ലാ ദിവസവും 24 മണിക്കൂറും വരുന്നവര്‍ക്കെല്ലാം  ഭക്ഷണം  കൊടുക്കും എന്ന് കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടി . കാരണം ഭക്ഷണം  മാത്രമല്ല , അതിനുള്ള സാധനങ്ങള്‍ വഴിപാടായി ധാരാളം കിട്ടുന്നുണ്ടാവം പക്ഷെ ഇത്രയും സേവനമനോഭാവമുള്ള ആളുകള്‍ എപ്പോഴും ഉണ്ടായിരിക്കണമെങ്കില്‍ സ്ഥലം  അവര്‍ക്കൊക്കെ എത്ര മാത്രം പ്രിയപ്പെട്ടതായിരിക്കും എന്നോര്‍ത്താണ് ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടത്. ഇനി മേലാല്‍ സര്‍ദാര്‍ജി തമാശകള്‍ കേട്ടാല്‍ ഞാന്‍ ചിരിക്കില്ലേ. 


4-5 മീറ്റര്‍ വീതിയുള്ള നടന്നു കേറാനുള്ള ഒരു വഴി ഒഴിച്ചാല്‍ നാല് ഭാഗവും വെള്ളം ആയിട്ടാണ് സുവര്‍ണ ക്ഷേത്രത്തിന്‍റെ നില്‍പ്‌ . വെള്ളത്തിന്‌ ചുറ്റുമുള്ള വഴിയില്‍ എല്ലാ മൂലയ്ക്കും കുടിവെള്ളം കൊടുക്കുന്നുണ്ട് . പ്രധാന ക്ഷേത്രത്തിലേക്ക് കയറുന്നതിനു മുന്‍പ് ബാഗും നനഞ്ഞ തുണികളും കൌണ്ടറില്‍ ഏല്‍പ്പിക്കണം . ക്യാമറയും മോബിലുമൊക്കെ കയ്യില്‍ എടുക്കാം . ഉള്ളില്‍ കയറിയാല്‍ ഉപയോഗിക്കരുത് എന്ന് മാത്രം . മേല്‍പ്പറഞ്ഞ വെള്ളത്തില്‍ നല്ല കളര്‍ഫുള്‍ ആയ മത്സ്യങ്ങള്‍ ഉണ്ട് . ഒരു സാമ്പിള്‍ ഫോട്ടോ ഇതാ പിടിച്ചോ :


ക്യൂ അത്യാവശ്യം നല്ല  നീളം ഉണ്ടായിരുന്നു പക്ഷെ ഉള്ളില്‍ കയറാന്‍ തീരുമാനിച്ചു വന്ന സ്ഥിതിക്ക് പിന്നോട്ടില . ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വെള്ളം  കൊടുക്കാനും വോളന്റിയര്‍മാര്‍ . ഈശ്വരാ , ഇവര്‍ക്ക് നല്ലത്   മാത്രം  വരുത്തണേ . सत नाम वाहे गुरु (അവിടെ കേട്ടത് ) എന്നും പറഞ്ഞു ഉള്ളില്‍ കയറി . എന്താ കണ്ടത് എന്ന് ചോദിക്കരുത്. ശബരിമലയിലും ഗുരുവായൂരുമൊക്കെക്യൂ നിന്ന് കയറിവര്‍ക്ക് മനസ്സിലാകും . ഭക്തിയൊന്നും ഇല്ല എങ്കില്‍ കൂടി വരുന്നവര്‍ക്കൊക്കെ ഇവിടം ഇഷ്ടപ്പെടെണ്ടതാണ്.  മുകളിലേക്ക് കയറിയപ്പോ നല്ല  ഫോടോകള്‍ക്കുള്ള സാധ്യത കണ്ടു . അപ്പോഴാണ്‌ ശശിയെ വീണ്ടും കണ്ടത് . ക്യൂവില്‍  വെച്ച് മിസ്സ്‌ ആയിരുന്നു പഹയനെ .

ഫെസ് ബുക്കില്‍ ഇടാനും അതുവഴി കുറച്ചു അസൂയാലുക്കളെ സൃഷ്ടിക്കാനുമായി കുറച്ചു  ഫോട്ടോകള്‍ എടുത്തതിനു ശേഷം  പ്രധാന  ക്ഷേത്രത്തില്‍ നിന്നും ഇറങ്ങി ചുറ്റും  നടന്നു. വിശ്രമിക്കാനുള്ള  സൗകര്യം, കുടിവെള്ളം  എല്ലാം കിട്ടിയപ്പോ ഒന്ന് മയങ്ങി . ശശി അവന്‍റെ എസ് എല്‍ ആര്‍ ക്യാമറയില്‍ എന്തൊക്കെയോ ഫോട്ടോ എടുക്കുന്നുണ്ട് . പോട്ടെ , ഒരിക്കല്‍ ഞാനും വാങ്ങും. .




തീരുമാനം: ഇനി മേലാല്‍  ആരെങ്കിലും  സര്‍ദാര്‍ജി  ജോക്കുകള്‍  പറഞ്ഞാല്‍  ഞാന്‍  ചിരിക്കില്ല . വരുന്നവര്‍ക്കെല്ലാം  വര്‍ഷത്തില്ലെല്ലാ ദിവസവും  എപ്പോഴും  ഭക്ഷണവും  താമസവും  കൊടുക്കാന്‍  നമ്മള്‍  മലയാളികള്‍  ആയിട്ടില . ആവുമ്പോള്‍  നോക്കാം ചിരിക്കണോ വേണ്ടയോ എന്ന്.

ജാലിയന്‍ വാല ബാഗ്‌ 


ജാലിയന്‍ വാല ബാഗ്‌ ആണ് അടുത്ത ലക്‌ഷ്യം . ഭക്ഷണം ….അതെ വീണ്ടും  സൌജന്യ  ഭക്ഷണം  തന്നെ , നമ്മളുടെ യാത്രകള്‍ എല്ലാം  യൂറോപ്യന്മാര്‍ പറയുന്ന പോലെ ഷൂ സ്ട്രിംഗ് ബജറ്റ് ആണല്ലോ. (ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കണ്ടേ? പക്ഷെ ഭക്ഷണം വളരെ നല്ലതായിരുന്നു) ജാലിയന്‍ വാല ബാഗിലേക്കു തിരിച്ചു . നടക്കാനുള്ള ദൂരമേയുള്ളൂ എന്ന്  ഒരു സര്‍ദാര്‍ അങ്കിള്‍ പറഞ്ഞതനുസരിച്ച് നടന്നു. വളരെ അടുത്താണ് ഓട്ടോയുടെ ആവശ്യമില്ല .


 
ജാലിയന്‍ വാല ബാഗ്‌..... ജനറല്‍ ടയര്‍ എന്നാ ഡാഷ് കുറെ ധീര ദേശാഭിമാനികളെ പൈശാചികമായി (കടപ്പാട് : ഒരു  മുന്‍ മുഖ്യമന്ത്രി , ഇപ്പൊ കേന്ദ്ര മന്ത്രി ) കൊന്ന ആ  പ്രസിദ്ധമായ സ്ഥലം  തന്നെ . മതിലുകളില്‍ വെടിയുണ്ട കൊണ്ട പാടുകള്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട് . പ്രാണരക്ഷാര്‍ത്ഥം ഓടിയവര്‍ വീണു പോയ കിണറും അവിടെ  കണ്ടു . ലാലേട്ടന്‍ പറഞ്ഞത് പോലെ (കീര്‍ത്തിചക്ര കണ്ടില്ലേ ?) യുദ്ധം വരുമ്പോഴും ക്രിക്കറ്റ്‌ കാണുമ്പോഴും ദേശസ്നേഹം വരുന്നവര്‍ തീര്‍ച്ചയായും വന്നു കാണേണ്ട ഒരു സ്ഥലം  തന്നെ  ഇത് . നാടിനു വേണ്ടി പ്രാണത്യാഗം ചെയ്ത ആ  ധീര  ദേശാഭിമാനികളെ സ്മരിച്ചതിനു ശേഷം  പുറത്തിറങ്ങി .

വാഗ ബോര്‍ദര്‍

ബോര്‍ദര്‍... ബോര്‍ദര്‍ ... വാഗ ബോര്‍ദര്‍ ...ബോര്‍ദര്‍ ജായേന്ഗെ നാ ? പുറത്തു ഇന്റര്‍വ്യൂ തുടങ്ങിയിരുന്നു . അവസാനം ഒരു ഓട്ടോക്കാരന് മുന്നില്‍ കീഴടങ്ങി ഞങ്ങള്‍ രണ്ടു പേരും  വാഗ ബോര്ടെരിലേക്ക് യാത്രയായി . 30 കിലോമീട്ടെരുണ്ട് അമൃത് സറില്‍ നിന്നും . ഒരാള്‍ക്ക് 50 രൂപ ചാര്‍ജ് ചെയ്തു, 8 പേര് ചേര്‍ന്ന് പോകുന്ന ഓട്ടോയില്‍ ) ഉവ്വ , അങ്ങോട്ട്‌ മാത്രം . തിരിച്ചു വരാന്‍ 50 രൂപ   വേറെ കൊടുക്കണം . ഓ പിന്നെ …). പോവുന്ന വഴിക്ക് പ്രസിദ്ധമായ  ഖല്‍സ കോളേജ് , ദുര്‍ഗ ദേവി ക്ഷേത്രം എന്നിവ ഓടോയിലിരുന്നു കണ്ടു . ഖല്‍സ  കോളേജ്  എന്തോ കിടിലം ആര്‍ക്കിറെക്ച്ചരു ആണെന്ന്നൊക്കെ വികിപ്പീടിയില്‍ വായിച്ചിരുന്നു , നമുക്കറിയില്ലല്ലോ എന്താ വിവരമുള്ളവര്‍ ഉദ്ദേശിച്ചത് എന്ന്. എന്തായാലും  ഒരു ഫോട്ടോ എടുക്കാന്‍ മറന്നില്ലാ



പഞാബിന്റെ  ഫലഭൂയിഷ്ടമായ ഗോതമ്പ് വയലുകള്‍ പിന്നിട്ടു ദി ഫെര്‍ട്ടയില്‍ പ്ലെയിന്‍സ് ഓഫ് പഞ്ചാബ്‌ : (കടപ്പാട് : TheBusinessLawLecturer ) ഓട്ടോയില്‍ നിന്നും  ഇറങ്ങിയപ്പോള്‍ അഞ്ചെ കാല്‍ ആയിക്കാണും . 6.30 നു ആണ് പരേഡ് തുടങ്ങുക . ഇറങ്ങിയ സ്ഥലത്ത് ഒരു  വിദ്വാന്റെ കയ്യില്‍  ബാഗും കൊടുത്തു ടോക്കന്‍ വാങ്ങി നടന്നു .  ഗാലറിയില്‍ പോയി സീറ്റ്‌ പിടിക്കാം എന്ന് കരുതിയപ്പോള്‍ അങ്ങോട്ട്‌  കയറാന്‍ തന്നെ  പറ്റുന്നില്ല . പിന്നെ തൃശൂര്‍ പൂരത്തിന് ഇലഞ്ഞിതര മേളം കാണാന്‍ പോയത് മനസ്സില്‍ ധ്യാനിച്ച്‌ ഒരുവിധം മുകളില്‍ കയറിപ്പറ്റി

എന്‍റെ സോണി സൈബെര്ശോട്ടില്‍ സൂം ചെയ്‌താല്‍ പാകിസ്ഥാന്റെ പ്രവേശന ഗേറ്റും കൊടിയും കാണാം ഇപ്പൊ . എസ് എല്‍ ആര്‍  ശശിയെ  ഫോട്ടോ  ഫോക്കസ് ചെയ്യാന്‍ പറ്റുന്ന  ഒരു സ്ഥലതാക്കി ഞാനും  ഉയരം കുറഞ്ഞ ഒരാളുടെ പുറകില്‍ നിന്നു. ഇപ്പൊ കാണാം വാഗ  അതിര്‍ത്തി ..ഈ പഞ്ചാബികള്‍ക്കു ഒടുക്കത്തെ ഉയരമാണ് കേട്ടോ. അതിര്തിയ്ക്കപ്പുറത്തെ പാകിസ്താന്‍ പെണ്‍കൊടിമാരെ കാണാന്‍ നല്ല ചന്തം. അല്ലെങ്കിലും ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച എന്നാണല്ലോ.


പരേഡ്  തുടങ്ങാറായി . നമ്മലടക്കം എല്ലാവരും അവിടെ  ചീര്‍ ലീടെര്സ് ആണ് . ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഗേറ്റുകള്‍ക്ക് നടുവിലുള്ള സ്ഥലത്ത്  കെട്ടിയ കൊടികള്‍ അഴിച്ചു തിരിച്ചു  റൂമില്‍ കൊണ്ട് വയ്ക്കുന്നതാണ് പരിപാടി . ഇതിലിത്ര കാണനെന്തിരിക്കുന്നു എന്നാണെങ്കില്‍ മാഷെ , വന്നു  കാണൂ എന്ന്  മാത്രമേ പറയുന്നുള്ളൂ ഞാന്‍.

കുറെ  നേരം  ഹിന്ദി  സിനിമയിലെ  ദേശഭക്തി  ഗാനങ്ങള്‍ക്ക്  കുട്ടികള്‍  ഡാന്‍സ്  ചെയ്യുന്നുണ്ടായിരുന്നു ഇത്  എല്ലാ  ദിവസവും  ഉണ്ടോ  എന്ന്  ചോദിച്ചാല്‍  എനിക്കറിയില്ല . എന്നാലും  ഇന്ത്യ -പാക്കിസ്ഥാന്‍  ക്രിക്കറ്റ്‌  മാച്ച്  ടീവിയില്‍  മാത്രം  കണ്ടിട്ടുള്ള  എനിക്ക്  അതിര്തിയ്ക്കപ്പുറത്തു നിന്ന് പകിസ്ഥാന്കാര്‍  ജയ്‌  വിളിച്ചു  കയ്യടിക്കുമ്പോള്‍  ഇപ്പുറത്ത്  ഡാന്സ് കളിക്കുന്നതും ഭാരതത്തിനു  ജയ്‌  വിളിക്കുന്നതും  ഒക്കെ  വളരെ  ഹൃദ്യമായി  അനുഭവപ്പെട്ടു.   അനുഭവം  ഒന്ന്  വന്നു  കണ്ടു  ഉണ്ടാവേണ്ടത്  തന്നെ . എഴുത്തിനു  പരിധിയില്ലേ ?

ദാ  പരേഡ്  തുടങ്ങുന്നു . പിള്ലെരെയെല്ലാം  അമ്മമാര്‍  കൊണ്ട്  പോയി  (സ്ത്രീകള്‍ക്ക്  വേറെ  ഗ്യാല്ലരി ഉണ്ട് . അവരുടെ  ഭാഗ്യം  അത്  കൂടുതല്‍  അടുത്താണ്  പരേഡിന്റെ . പിന്നെ  നമ്മള്‍  ഇന്ത്യയിലാണല്ലോ , വീ ഐ പികള്‍ക്ക്  വേറെ  ഗ്യാല്ലരി  ഉണ്ട് . കൂടുതല്‍  അടുത്ത് .)

ആദ്യം  രണ്ടു  പെണ്‍  ജവാന്മാര്‍ (ജവാത്തികള്‍ എന്ന് പറയാമോ? ഗ്രാമര്‍ അറിയാവുന്നവരോട് ചോദിക്കാം  ) മാര്‍ച്ച്  ചെയ്തു  പോയി . പിന്നെ  2 ജവാന്മാര്‍   വീതം  2 തവണ . ഈ  സമയത്തൊക്കെ  എല്ലാ  ജയ്‌  വിളികളും  കൊണ്ട്  രംഗം  കൊഴുത്തിരിക്കുകയാണ് . രണ്ടു രാജ്യത്തെയും പട്ടാളക്കാര്‍  പരസ്പരം  പേടിപ്പിച്ചു  കാലുപൊക്കി  താഴെ  വെച്ച്  കൊടി  താഴ്ത്തി  തിരിച്ചു  കൊണ്ടെ  വച്ചു . ഹാവൂ .






താഴെ  ഇറങ്ങിയപ്പോള്‍  ബാഗ്‌  തിരിച്ചു  കിട്ടുമോന്നു  ഭയന്ന്  വേഗം  ചെന്ന് . ഭാഗ്യം . കിട്ടി . ഓട്ടോക്കാരന്‍   പറഞ്ഞ  അടയാലതിനടുത്തു  തന്നെ  ഓട്ടോ ഉണ്ട് . ഒരു  കുട്ടി  ബസ്‌  കണ്ടു . അതിനു  30 രൂപയെ  ഉള്ളത്രെ . ഓടോക്കാരനെ  തേയ്ക്കണോ (കടപ്പാട്: ശശികിരന്‍)  വേണ്ടയോ  എന്ന്  കരുതി  സംശയിച്ചു  നിന്നപ്പോള്‍  പെട്ടെന്ന്    ബസ്‌  നിറയുന്നതും  പിന്നെ  ഞങ്ങടെ  ഓട്ടോയില്‍  ഉണ്ടായിരുന്നവരൊക്കെ  തിരിച്ചു  അതിലേക്കു  തന്നെ  വരുന്നതും  കണ്ടു . പിന്നെ  സംശയിച്ചില്ല . ഓട്ടോയില്‍  കയറി .




ഉപദേശം  1:
വെള്ളത്തിന്റെ  കുപ്പി  ഉള്ളില്‍  കൊണ്ട് പോകാന്‍  പറ്റില്ല . പുറത്തു  ഒരുപാട്  പേര്  ബോട്ടില്‍  വാട്ടര്‍  വില്‍ക്കുന്നുമുണ്ടാകും . വാങ്ങിയാല്‍  ഉള്ളില്‍  കയറുന്നതിനു  മുന്‍പേ  കുടിച്ചു  തീര്‍ക്കുകയോ  കളയുകയോ  വേണ്ടി  വരും .
ഉപദേശം  2:
ചെറിയ  കുട്ടികളെ  കൊണ്ട്  വരുന്നുണ്ടെങ്കില്‍  സ്ത്രീകളെയും  കൊണ്ട്  വന്നു  അവരുടെ  കൂടെ  വിടുക  അല്ലെങ്കില്‍  വീ ഐ പി  പാസ്  സംഘടിപ്പിക്കുക . തിരക്ക്  വളരെ  ഭീകരമാണ്.
ഉപദേശം  3:
അമൃത് സറില്‍  നിന്നും  വാഗയിലേക്ക്  2 കിലോമീറ്റര്‍  അടുത്ത്  വരെ  ബസ്‌  ഉണ്ട് , ഞങ്ങള്‍  പിന്നീടാണ്‌  അറിഞ്ഞത് . അവിടുന്ന്  ഓട്ടോ  വിളിച്ചാല്‍  മതി .
ഉപദേശം  4:
മൊബൈലും  ക്യാമറയും  ഒക്കെ ഒഴിച്ച്  ബാക്കി  സാധനങ്ങള്‍  ബാഗിലാക്കി  സുവര്‍ണക്ഷേത്രത്തിലെ  കൌണ്ടറില്‍  കൊടുത്തിട്ട്  പോന്നാല്‍  വാഗയില്‍  വെച്ച്  ബാഗ്‌  പോകുമോ  എന്നുള്ള  ടെന്‍ഷന്‍  ഒഴിവാക്കാം . തിരിച്ചു  പോകുമ്പോള്‍  എടുക്കാമല്ലോ സുവര്‍ണക്ഷേത്രത്തില്‍ നിന്നും. രാത്രി അവിടം ഒന്ന് കൂടി കാണുകയും ചെയ്യാം .